പാരിസ്: സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായ വിഷയത്തിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം. പാവൽ ഡ്യൂറോവിന് ഒന്നും മറയ്‌ക്കാനില്ലെന്നാണ് ടെലഗ്രാം പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ” ഡിജിറ്റൽ സേവന നിയമങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും ടെലഗ്രാം പാലിക്കുന്നുണ്ട്. കമ്പനി മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നും” പ്രസ്താവനയിൽ പറയുന്നു.
”പാവൽ ഡ്യൂറോവിന് ഒന്നും മറയ്‌ക്കാനില്ല, അദ്ദേഹം യൂറോപ്പിൽ എല്ലായിടത്തും പതിവായി യാത്രകൾ നടത്തുന്ന ആളുകളാണ്. ഒരു സ്ഥാപനമോ അതിന്റെ ഉടമയോ ആ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതിന് ഉത്തരവാദികളാണെന്ന് പറയുന്നത് അസംബന്ധമാണെന്നും” ടെലഗ്രാമിന്റെ പ്രസ്താവയിൽ കൂട്ടിച്ചേർത്തു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് പാവൽ അറസ്റ്റിലാകുന്നത്.
ലഹരിക്കടത്ത്, വഞ്ചന, സൈബർ ഇടങ്ങളിലെ ഭീഷണി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നതടക്കമുള്ള കുറ്റങ്ങളാണ് പാവലിനെതിരെ ചുമത്തിയിരിക്കുന്നത്. 2013ലാണ് പാവൽ ഡ്യൂറോല് ടെലഗ്രാമിന് തുടക്കമിടുന്നത്. സർക്കാരിന്റെ ചില നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെ 2014ൽ റഷ്യ വിട്ടു. 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിക്കുകയും ചെയ്തു. എന്നാൽ 2021ൽ ഈ വിലക്ക് പിൻവലിച്ചിരുന്നു.