ഫോട്ടോയ്‌ക്ക് പിന്നാലെ വീഡിയോ ക്ലിപ്; രേണുകാസ്വാമി കൊലക്കേസ് പ്രതി ദർശൻ തൂഗുദീപയുടെ ജയിലിൽ നിന്നുള്ള വീഡിയോ കോൾ ദൃശ്യങ്ങളും പുറത്ത്

Published by
Janam Web Desk

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസ് പ്രതി ദർശൻ തൂഗുദീപയുടെ ജയിലിൽ നിന്നുള്ള വീഡിയോ കോൾ ദൃശ്യങ്ങളും പുറത്തുവന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശന് ജയിലിൽ പ്രത്യേക പരിഗണ ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

വീഡിയോയിൽ മഞ്ഞ ടീ-ഷർട്ട് ധരിച്ച ഒരാൾ വീഡിയോ കോളിൽ ദർശനെ നോക്കി പുഞ്ചിരിക്കുന്നതും ആംഗ്യഭാഷയിൽ ഇരുവരും ആശയവിനിമയം നടത്തുന്നതും കാണാം. ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം, കിടക്ക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദർശൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ജയിലിനുള്ളിലെ ദർശന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ, ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് രേണുകസ്വാമിയുടെ പിതാവ് ശിവ ഗൗഡ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂണിലാണ് ദർശനും കൂട്ടാളികളും അറസ്റ്റിലാകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് സുഹൃത്ത് പവിത്ര ഗൗഡയ്‌ക്കൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.

Share
Leave a Comment