മലയാള സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായെന്ന് നടി ഗീത വിജയൻ. അത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിച്ചു, പരസ്യമായി ചീത്ത വിളിച്ചുവെന്നും അവർ വെളിപ്പെടുത്തി. ‘പോടാ പുല്ലേ’ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദർഭങ്ങളുമുണ്ടായി. അതുകൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. മലയാള സിനിമയിൽ ശുദ്ധീകരണം വേണമെന്നും ഗീത വിജയൻ ആവശ്യപ്പെട്ടു.
അനവധി ദുരിതങ്ങളും പീഡനങ്ങളും മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിച്ചു. എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങൾ പറയട്ടെ. എന്റെ മുറിയുടെ മുൻപിലെത്തി കോളിംഗ് ബെൽ അടിക്കുകയും തട്ടലും മുട്ടലും ഒക്കെ നടക്കുകയും ചെയ്തിരുന്നു. ആദ്യമായി ദുരനുഭവമുണ്ടായത് ഒരു സംവിധായകനിൽ നിന്നാണ്. ഇതേ വ്യക്തിയിൽ നിന്ന് മറ്റൊരു വനിതാ ആർട്ടിസ്റ്റിനും (നടി ശ്രീദേവിക) മോശം അനുഭവമുണ്ടായി. അതിനാൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് നിയമപരമായി നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടി ഗീത വിജയൻ അറിയിച്ചു. ‘ചാഞ്ചാട്ടം’ സിനിമാ സെറ്റിൽ വച്ച് സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയതെന്നും 1991ലായിരുന്നു സംഭവമെന്നുമാണ് നടി ആരോപിച്ചത്.
ഹേമ കമ്മിറ്റി പുറത്തുവിട്ടതിന് പിന്നാലെ സിനിമയിലെ അണിയറ പ്രവർത്തകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകൾ രംഗത്തെത്തുന്നതിന് പിന്നാലെയാണ് നടി ഗീതയുടെ തുറന്നുപറച്ചിൽ. ബംഗാളി നടി ശ്രീലേഖ മിത്ര, യുവനടി രേവതി സമ്പത്ത്, നടി മിനു മുനീർ, കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് തുടങ്ങി നിരവധി സ്ത്രീകളാണ് ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, ജയസൂര്യ, റിയാസ് ഖാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർക്കെതിരെയാണ് ഇതുവരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സിദ്ദിഖ് അടക്കമുള്ള നടൻമാർ തങ്ങൾ തെറ്റുകാരല്ലെന്ന് പ്രതികരിച്ചിരുന്നു.















