കീവ്: റഷ്യ തിങ്കളാഴ്ച യുക്രെയ്നിലുടനീളം വൻ ഡ്രോൺ, മിസൈൽ ആക്രമണം അഴിച്ചുവിട്ടു. യുക്രേനിയൻ ഊർജ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെ പവർ സ്റ്റേഷനുകളിൽ ആണ് ഡ്രോൺ ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണ സംഖ്യ വൻ തോതിൽ ഉയർന്നേക്കും.
ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച ആക്രമണം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഉക്രെയ്‌നെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയതായിരുന്നു. ഇത് നേരം പുലർന്നതിന് ശേഷവും തുടർന്നു.
നിരവധി ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ വ്യൂഹങ്ങളുടെ പിന്തുണയോടെ റഷ്യൻ ഡ്രോണുകളുടെ നിരവധി ഗ്രൂപ്പുകൾ ഉക്രെയ്നിന്റെ കിഴക്ക്, വടക്ക്, തെക്ക്, മധ്യ മേഖലകളിലേക്ക് പതിച്ചു എന്ന് യുക്രേനിയൻ വ്യോമസേനയെ ഉദ്ധരിച്ചു പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. തലസ്ഥാനമായ കീവിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് നഗരത്തിലെ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടതായി കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
റഷ്യയുടെ കടന്നാക്രമണത്തെ തുടർന്ന് അയൽരാജ്യമായ പോളണ്ടിൽ, പോളിഷ്, നാറ്റോ വ്യോമ പ്രതിരോധം സജീവമാക്കിയതായി സൈന്യം പറഞ്ഞു.















