കൊല്ലം: ലൈംഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ശക്തമായ പ്രതിഷേധം. യുവമോർച്ചയുടേയും ബിജെപിയുടേയും നേതൃത്വത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പട്ടത്താനത്തെ വീട്ടിലേക്ക് മാർച്ച് നടത്തി. സ്ത്രീത്വത്തെ അപമാനിച്ച മുകേഷിന് ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും രാജിവയ്‌ക്കും വരെ സമരം ഉണ്ടാകുമെന്നും ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു.
യുവമോർച്ചയുടെ നേതൃത്വത്തിൽ പട്ടത്താനത്ത് നിന്നാരംഭിച്ച മാർച്ച് മുകേഷിന്റെ വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മുകേഷിനെതിരെ തുടർച്ചയായി ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ രാജി ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ മാർച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുകേഷിന്റെ വീട്ടിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഷർഷവുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ മുകേഷിന്റെ കോലം കത്തിച്ചു.
മുകേഷിനെതിരെ നിരവധി പേരാണ് ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തിയത്. നടി മിനു മുനീർ, കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് എന്നിവർ മുകേഷിനെതിരെ ആരോപണമുന്നയിച്ചവരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മുകേഷിനെതിരെ ആരോപണവുമായി നടിമാർ എത്തിയത്.















