ഹൈദരാബാദ്: തെന്നിന്ത്യൻ താരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി. സർക്കാരിന്റെ കൈവശമുള്ള സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരാണ് നാഗാർജുനയുടെ ദി എൻ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്.
കെട്ടിട- പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുമ്മിടികുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നതിനായി കയ്യേറിയത്. എന്നാൽ സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നാഗാർജുന രംഗത്തെത്തിയിരുന്നു. കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിനായി ഒരു സെന്റ് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്ന് നാഗാർജുന എക്സിലൂടെ വ്യക്തമാക്കി.
പട്ടയ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്. അധികമായി ഒരു സെന്റ് പൊതുസ്വത്ത് പോലും കയ്യേറിയിട്ടില്ല. വിശദമായ വിവരങ്ങൾ ഹൈക്കോടതിയുടെ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നത് വരെ അനാവശ്യമായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് നാഗാർജുന എക്സിൽ കുറിച്ചു.
നിലവിലുള്ള സ്റ്റേ ഓർഡറുകൾ ലംഘിച്ചാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടിയിയിൽ ഏറെ വിഷമമുണ്ട്. കെട്ടിടം പൊളിക്കണമെന്ന് കോടതി വിധിച്ചിരുന്നെങ്കിൽ താൻ തന്നെ പൊളിച്ചുമാറ്റുമായിരുന്നു. താൻ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.