കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമ പരാതി പ്രവഹാം നിലയ്‌ക്കുന്നില്ല. ദിനം പ്രതി മാന്യന്മാർ വേട്ടക്കാരാവുന്നതാണ് കാണുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയത് സംവിധായകൻ വി.കെ പ്രകാശാണ്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് ഹോട്ടലിൽ വിളിച്ചുവരുത്തി അതിക്രമത്തിനിരയാക്കിയെന്നാണ് കഥാകാരിയുടെ മൊഴി. ഇത് പുറത്തുപറയാതിരിക്കാൻ 10,000 രൂപ അയച്ചുനൽകിയെന്നും അവർ വ്യക്തമാക്കി.
തെളിവുകളടക്കം ഇവർ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. 2022-ലാണ് സംഭവം. കഥപറയാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. കൊച്ചിയിൽ എത്തുമ്പോൾ കാണാമെന്ന് പറഞ്ഞെങ്കിലും കൊല്ലത്ത് വരാൻ നിർബന്ധിച്ചു. ഇതോടെ കൊല്ലത്ത് വന്നപ്പോൾ ഹോട്ടലിൽ രണ്ടു മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെയെത്തിയപ്പോൾ കഥപറയുന്നതിനിടെ മദ്യം ഓഫർ ചെയ്തു. അഭിനയിക്കാൻ താത്പ്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് അഭിനയിപ്പിക്കാൻ ശ്രമിച്ചു. വൾഗർ സീൻ തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. ശേഷം കാണിച്ച് തരാമെന്ന് പറഞ്ഞ് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും നോക്കി.
ഉദ്ദേശം വേറെയാണെന്ന് ബോദ്ധ്യമായതോടെ എതിർപ്പറിയച്ചു. ഉറപ്പാണോയെന്ന് ചോദിച്ച് സംവിധായകൻ ഇറങ്ങി പോയി. രക്ഷപ്പെട്ട് എറണാകുളത്തേക്ക് മടങ്ങി. പിറ്റേന്ന് ഇദ്ദേഹത്തിന്റെ നിരവധി കോളുകൾ വന്നു. ക്ഷാമപണം നടത്താനായിരുന്നു വിളി. സംഭവം പുറത്തുപറയരുതെന്ന് അപേക്ഷിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ അയച്ചുനൽകി. സർക്കാരിലുള്ള പ്രതീക്ഷ കാരണമാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു.
കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവതി പറഞ്ഞു. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞു.