എറണാകുളം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പഴയ ഐപിസി 354 പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനാ വിഷയങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും തീരുമാനിച്ച ശേഷം പരാതിയിൽ തുടർ നടപടി കൈക്കൊളളും. കുറ്റകൃത്യം കൊച്ചിയിൽ നടന്നതിനാലാണ് നടി അവിടെ പരാതി നൽകിയത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.
കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ച സംവിധായകനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. പരാതി ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നായിരുന്നു സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്. നടിയുടെ പരാതി ഇ മെയിലായി ലഭിച്ചതോടെ തുടർ നടപടിക്കുളള തടസങ്ങൾ നീങ്ങുകയായിരുന്നു.
അതിക്രമ വിവരം ഡോക്യുമെന്റററി ഡയറക്ടർ ജോഷി ജോസഫിനെ അറിയിച്ചിരുന്ന കാര്യവും ശ്രീലേഖ മിത്ര നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.