കോഴിക്കോട്: ആശങ്ക പരത്തി വിലങ്ങാട് മഴ കനക്കുന്നു. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20-ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാലം വീണ്ടും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു. വനമേഖലയിലും പുലർച്ചെ മുതൽ മഴ കനക്കുകയാണ്.
ഉരുൾപൊട്ടലിന് ശേഷം വിലങ്ങാട് മലനിരകളുടെയും പുഴയുടെയും നില ആശങ്കയിലാണ്. ഉരുളെടുത്ത ഭാഗങ്ങളിലെ ഭൂമിയിൽ വിള്ളൽ വീണിട്ടുണ്ട്. പാറകൾ അപകടാവസ്ഥയിലാണ്. പുഴയിൽ അടിഞ്ഞ് കൂടിയ കല്ലുകളും മരങ്ങളുമെല്ലാം ചേർന്ന് പുഴയിലെ ഒഴുക്കും നിലച്ചു. മലനിരകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അനിവാര്യമെന്നിരിക്കേ അതിനുള്ള നീക്കങ്ങൾ ഒന്നും തന്നെയില്ലാത്തതും നാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു.