ഇംഫാൽ: മണിപ്പൂരിൽ ബിജെപി വക്താവ് ടി മൈക്കൽ ലംജതാങ് ഹാക്കിപ്പിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ചുരാചന്ദ്പൂരിലെ തൗഡൗ ഗോത്രവിഭാഗത്തിൽ നിന്നുള്ളയാളാണ് മൈക്കൽ. മണിപ്പൂരിലെ പുരാതന ഗോത്രങ്ങളിലൊന്നാണ് താഡൗ വിഭാഗം. കഴിഞ്ഞ ദിവസം രാത്രി ആയുധവുമായെത്തിയ മുപ്പതോളം ആളുകൾ മൈക്കലിന്റെ വീട് ആക്രമിച്ച് തകർക്കുകയായിരുന്നു. ആകാശത്തേക്ക് വെടിയുതിർത്തതിന് ശേഷം രണ്ട് മുറികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. മണിപ്പൂർ ആക്രമണത്തിൽ കുടിയൊഴിക്കപ്പെട്ട നാല് കുടുംബങ്ങളും വീടിരിക്കുന്ന സ്ഥലത്തെ കെട്ടിടത്തിലായി താമസിക്കുന്നുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മൈക്കൽ പറഞ്ഞു.
താഡൗ സമുദായത്തിന്റെ നേതാവും, ബിജെപി വക്താവുമായ മൈക്കലിന്റെ വീടിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരെയുള്ള വെല്ലുവിളിയായിട്ട് മാത്രമേ കാണാനാകൂ. മണിപ്പൂരിലെ പുരാതന ഗോത്രവിഭാഗത്തിലെ അംഗത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ഇവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ബിരേൻ സിങ് വ്യക്തമാക്കി.
ഭീരുക്കൾ മാത്രം ചെയ്യുന്ന കാര്യമാണിതെന്നും, കൃത്യമായ സംവാദത്തിലേർപ്പെടാൻ കഴിയാത്തവരാണ് ഇത്തരത്തിൽ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും അവരുടെ മാനസികാവസ്ഥ ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും മന്ത്രിസഭാംഗമായ ഗോവിന്ദദാസ് കൊന്തൗജം പറഞ്ഞു. ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല ഇത്, മുഴുവൻ താഡൗ വിഭാഗത്തിനും നേരെയുള്ള ഭീഷണി ഉയർത്തലാണിതെന്നും അദ്ദേഹം പറയുന്നു. മൈക്കലിന്റെ ചുരാചന്ദ്പൂരിലെ വീടിന് നേരെ ഇത് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്.
രാത്രി 10 മണിയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിലേക്ക് എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ഭിത്തിയിലെല്ലാം മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ഇവിടേക്ക് ഓടിക്കൂടിയവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി ഇവർ ആരോപിച്ചു. താഡൗ ഗോത്രവിഭാഗവും സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. 70ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു.















