എറണാകുളം: തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്ന നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശഖരൻ. മിനു മുനീറിനെ ബോൾഗാട്ടി റിസോർട്ടിൽ വച്ച് കണ്ടിരുന്നുവെന്നും എന്നാൽ അവർ പറയുന്നത് പോലെയൊന്നും നടന്നിട്ടില്ലെന്നും ചന്ദ്രശഖരൻ പറഞ്ഞു.
“കൊച്ചിയിൽ ഞാനും മിനുവും അടുത്തടുത്താണ് താമസിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ ഞാൻ താമസിച്ചിരുന്നപ്പോൾ അതിന് സമീപത്തായാണ് മിനുവും കുടുംബവും വാടകയ്‌ക്ക് താമസിച്ചിരുന്നത്. തന്നെ കയറിപ്പിടിച്ചുവെന്ന് മിനു മുനീർ പറയുന്നയാൾ എനിക്ക് നന്നായി അറിയുന്ന വ്യക്തിയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സിനിമയിൽ മിനു മുനീർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പിന്നീട് ഇവരെ സിനിമയിൽ നിന്ന് മാറ്റുകയുണ്ടായി. കലാഭവൻ മണിയുടെ ഭാര്യയുടെ റോളിൽ നിന്ന് മിനു മുനീറിനെ മാറ്റി സോന നായരെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്തു”.
മിനുവിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ നീക്കം കൂടിയുണ്ട്. മിനു രേഖാമൂലം പരാതി നൽകിയാൽ നിയമ നടപടികൾ സ്വീകരിക്കും. ഒരു നിർമാതാവിന്റെ മുന്നിലും താൻ മിനുവിനെ കൊണ്ടു പോയിട്ടില്ല.
”ലൊക്കേഷൻ കാണിക്കാൻ ഞാൻ കൊണ്ടുപൊയി എന്നാണ് അവർ പറയുന്നത്. പക്ഷേ, ലൊക്കേഷൻ കാണിക്കാനായി ഞാൻ ആ സിനിമയുടെ നിർമാതാവല്ല, കലാ സംവിധായകനല്ല, പ്രൊഡക്ഷൻ കൺട്രോളിലും താനില്ല. ഈ സിനിമയിൽ അഭിനയിച്ചുവെന്ന് പറയുന്നത് ശരിയാണ്. ബോൾഗാട്ടി റിസോർട്ടിൽ വച്ചാണ് എല്ലാവരുടെയും ഓഡിഷൻ നടന്നത്. അവിടെ വച്ച് ഞാൻ അവരെ കണ്ടിരുന്നു. അല്ലാതെ വെറൊന്നും ഉണ്ടായില്ലെന്നും” ചന്ദ്രശഖരൻ പറഞ്ഞു.
ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ദുരനുഭവമുണ്ടായെന്നാണ് മിനു മുനീർ വെളിപ്പെടുത്തിയത്. ചന്ദ്രശഖരൻ തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്നും ഒരാൾക്ക് തന്നെ പരിചയപ്പെടുത്തി കൊടുത്ത ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെന്നുമാണ് നടിയുടെ ആരോപണം.















