കാസർകോട്: നഴ്‌സിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സിനെയാണ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ സ്മൃതി (20) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
നഴ്‌സുമാർ താമസിക്കുന്ന ആശുപത്രിയുടെ തന്നെ ക്വാർട്ടേഴ്സിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു യുവതി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിൽ വന്നിരുന്നെങ്കിലും തിരിച്ച് മുറിയിലേക്ക് മടങ്ങുകയായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നെങ്കിലും യുവതി കോൾ എടുത്തിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളും ക്വാർട്ടേഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുമ്പള പൊലീസ് എത്തി മരണവിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ എത്തിയശേഷം ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.















