ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിയ കൊടുങ്കാറ്റിൽ കടപുഴകി താരസംഘടനയായ അമ്മയുടെ ഭരണസമിതി. ഭാരവാഹികൾക്കെതിരെ ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഭരണസമിതി പൂർണമായി രാജിവയ്‌ക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ അസോസിയേഷൻ വ്യക്തമാക്കി. പ്രസിഡന്റായിരുന്ന മോഹൻലാൽ ഉൾപ്പെടെയാണ് രാജിവെച്ചത്.
എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിലവിലെ ഭരണസമിതി രാജിവയ്‌ക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. രണ്ട് മാസത്തിനുളളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുക്കും.
അതുവരെ അമ്മ നൽകിയിരുന്ന കൈനീട്ടം ഉൾപ്പെടെ മുടങ്ങില്ലെന്നും അതിനുളള പ്രവർത്തനങ്ങൾ നിലവിലെ ഭരണസമിതി ഏകോപിപ്പിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം നടി രേവതി സമ്പത്തിന്റെ ആരോപണത്തെ തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ധിഖ് സ്ഥാനം രാജിവച്ചിരുന്നു.
ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിൽ അമ്മയ്‌ക്ക് വീഴ്ചയുണ്ടായതായി നടൻ പൃഥ്വിരാജും ഇന്നലെ ആരോപിച്ചിരുന്നു. കൂടുതൽ ജൂനിയർ ആർട്ടിസ്റ്റുകളും നടിമാരും ആരോപണങ്ങളുമായി രംഗത്തെത്തുന്ന സാഹചര്യത്തിലാണ് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിയിലേക്ക് നീങ്ങിയത്.















