മുംബൈ: സിനിമാ മേഖലയിൽ നടന്മാർക്കതിരെയും ചൂഷണം നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ രജിത് കപൂർ. പ്രതിഫലത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിഫലം നൽകാതെ ഒഴിഞ്ഞുമാറുമെന്നും രജിത് കപൂർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
“നടന്മാരെ പലരും സൗജന്യമായി അഭിനയിപ്പിച്ച് പ്രതിഫലത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നു. ഇതിനെതിരെ പ്രതികരിക്കാൻ സിനിമാ മേഖലയിൽ ഒരു സംവിധാനങ്ങളുമില്ല. അഭിനേതാക്കൾ അവകാശത്തിനായി പോരാടേണ്ടതുണ്ട്. അഞ്ച് വർഷം മുമ്പാണ് കാസ്റ്റിംഗ് ഏജൻസികൾ വന്നത്. നേരത്തെ സംവിധായകന്മാരും സഹ സംവിധായകന്മാരുമാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തിരുന്നത്”.
20,000 രൂപ പ്രതിഫലം വാങ്ങാൻ അർഹതയുള്ള താരങ്ങൾക്ക് 10,000 ആയിരിക്കും നൽകുക. താരങ്ങൾ പ്രതികരിച്ചാൽ, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവസരത്തിനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ടെന്നാണ് അവർ പറയുന്നത്. അഭിനേതാക്കൾ അവകാശത്തിനായി പോരാടണം. കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്ക്15 ദിവസത്തിനുള്ളിൽ ശമ്പളം നൽകും. എന്നാൽ അഭിനേതാക്കൾക്ക് 90 ദിവസം വരെ പ്രതിഫലം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഒരു നിർമാതാവിനെതിരെ സംസാരിച്ചാൽ പിന്നീട് ജോലി ഉണ്ടാകില്ല. ചൂഷണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സിനിമയുടെ ബഡ്ജറ്റിന്റെ 50 ശതമാനം താരങ്ങൾക്ക് നൽകും എന്നാണ് അവർ പറയുന്നത്. എന്നാൽ പ്രതിഫലം ചോദിക്കുമ്പോൾ തരില്ലെന്നും രജിത് കപൂർ പറഞ്ഞു.















