എറണാകുളം : മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദളിതരോ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവയോട് കടുത്ത പ്രതികരണവുമായി അഡ്വ. ജയശങ്കർ രംഗത്ത്.
” 2024 ശേഷം രാഹുൽ ഗാന്ധിക്ക് ദളിത് സ്നേഹം കലശലായി. പക്ഷെ രാഹുൽ ഗാന്ധി ഉത്തരം പറയേണ്ടതായി ചില ചോദ്യങ്ങൾ ഉണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതൽ മായാവതിയും രാം വിലാസ് പാസ്വാനും പ്രത്യേകം പാർട്ടി ഉണ്ടാക്കുന്നത് വരെ ഈ രാജ്യത്തെ പട്ടിക ജാതിക്കാർ മുഴുവനും കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആയിരുന്നു .ആ കാലത്ത് കോൺഗ്രസ് പട്ടിക ജാതിക്കാർക്ക് എന്ത് ചെയ്തു .?? ഈ സംവരണത്തിന് പുറത്ത് അവർക്ക് എത്ര ആനുകൂല്യം കിട്ടി.??. 2004 മുതൽക്ക് 2014 വരെ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ മമ്മിയും പിൻ സീറ്റ് ഡ്രൈവിങ് ആയിട്ട് ഇന്ത്യ ഭരിച്ചല്ലോ. ആ കാലത്ത് പട്ടിക ജാതിക്കാർക്ക് എന്താണ് ചെയ്തു കൊടുത്തത് . എത്ര പട്ടിക ജാതിക്കാർക്ക് അവസരം കൊടുത്തു. എത്ര പേരെ ക്യാബിനറ്റ് മന്ത്രിമാരാക്കി ? എത്ര പേരെ ഗവർണർമാരാക്കി.? ആ കാലത്ത് പട്ടിക ജാതിയിൽ പെട്ട എത്രപേര് മിസ് ഇന്ത്യക്ക് മത്സരിച്ചു.? എത്രപേർ മിസ് യൂണിവേഴ്സിന് മത്സരിച്ചു. ?”
“വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വരൻ പോകുകയാണ്. ഈ ഉപതെരഞ്ഞടുപ്പിൽ ഒരാദിവാസി വനിതക്ക് അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി ടിക്കറ്റ് കൊടുക്കുമോ. പ്രിയങ്ക ഗാന്ധിയോട് മാറി നിൽക്കൂ പിങ്കിക്കുട്ടീ നിനക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ചേട്ടൻ അവസരം തരാം. അല്ലെങ്കിൽ ഇൻഡ്യാ രാജ്യത്ത് 540 മണ്ഡലങ്ങൾ വേറെയുണ്ട്. നിന്നെ വേറെ എവിടെയെങ്കിലും നിർത്താം ഈ വയനാട് ആദിവാസികൾ ധാരാളമുള്ള സ്ഥലമാണ്. അവിടെ നിന്ന് ഒരു ആദിവാസി ജയിച്ചു പോകട്ടെ. നീ മാറി നിൽക്കുമോ എന്ന് രാഹുൽ ജി പറയുമോ.? രാഹുൽ ഗാന്ധി ആ സീറ്റ് ജയലക്ഷ്മിക്ക് കൊടുത്തിട്ട് സിദ്ധാന്തം പറയുകയാണെങ്കിൽ കേൾക്കാൻ രസമുണ്ട്”.
“വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി അവർക്കു കിട്ടുന്ന ജനറൽ സീറ്റുകളിൽ എത്രയെണ്ണം പട്ടിക ജാതിക്കാർക്ക് കൊടുക്കും. രാജ്യസഭയിൽ ജെബി മേത്തറുടെ കാലാവധി കഴിയുമ്പോൾ ആ സീറ്റ് പട്ടിക ജാതിക്കാർക്ക് ആർക്കെങ്കിലും കൊടുക്കുമോ.?”
“രാഹുൽഗാന്ധിക്ക് പട്ടിക ജാതിക്കാരോട് ഇത്ര വലിയ സ്നേഹം ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവായിട്ട ആ കൊടിക്കുന്നിൽ സുരേഷിനെ ആക്കാമായിരുന്നു. കൊടിക്കുന്നിൽ രാഹുൽ ഗാന്ധിയെക്കാൾ എത്രയോ മുൻപ് പാർലിമെന്റിൽ എത്തിയ ആളാണ് . രാഹുൽ ഗാന്ധിയെക്കാൾ എത്രയോ സീനിയറാണ് കൊടിക്കുന്നിൽ. അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് എന്തായിരുന്നു തടസ്സം.” അഡ്വ ജയശങ്കർ പറഞ്ഞു. ഒരു സ്വകാര്യ യു ട്യൂബ് ചാനലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന പരിപാടിയിലായിരുന്നു മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദളിതരോ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന രാഹുലിന്റെ പരാമർശം.
“എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരേ കിരൺ റിജിജു രംഗത്തെത്തി. ‘ഇപ്പോൾ അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരത്തിൽ, സിനിമയിലും കായികമത്സരത്തിലുമൊക്കെ സംവരണം വേണമെന്നാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനകൾ ‘ബാല ബുദ്ധി’യുടെ പ്രശ്നം മാത്രമല്ല. അദ്ദേഹത്തിനായി ജയ് വിളിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കുട്ടിത്തംനിറഞ്ഞ ഇത്തരം പെരുമാറ്റം ചിലപ്പോൾ നല്ലൊരു വിനോദമായിരിക്കാം. എന്നാൽ പിന്നോക്കവിഭാഗക്കാരെ മുൻനിർത്തിയുള്ള തമാശ വേണ്ട”, കിരൺ റിജിജു പറഞ്ഞു.
“സര്‍ക്കാര്‍ അല്ല ഒളിംപിക്‌സിലേക്കും സിനിമയിലേക്കുമൊന്നും ആളുകളെ തിരഞ്ഞെടുക്കുന്നത്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്‌ട്രപതിയെയും ഒബിസി വിഭാഗത്തിൽപ്പെട്ട പ്രധാനമന്ത്രിയെയും എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ള നിരവധിയായ മന്ത്രിമാരെയും രാഹുൽ ഗാന്ധി കാണുന്നില്ല” .കിരൺ റിജിജു പറഞ്ഞു.