അമ്മ സംഘടനയിലെ കൂട്ടരാജിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരായ ഒരാൾ ഉണ്ടെങ്കിൽ അയാളെയാണ് മാറ്റേണ്ടത്. രണ്ട് പേരാണെങ്കിൽ അവരെ മാറ്റണം. അല്ലാതെ ജനറൽ ബോഡി മുഴുവൻ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്നും അനൂപ് ചന്ദ്രൻ പ്രതികരിച്ചു.
“506 പേർ വോട്ട് ചെയ്ത ഭരണസമിതി രാജിവെച്ച് പോവുക എന്ന് പറഞ്ഞാൽ അത് മറ്റ് അംഗങ്ങളെയും കേരളത്തിന്റെ സാംസ്കാരിക മൂല്യത്തെയും അപമാനിക്കുന്നതാണ്. ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും പുറത്ത് പോകുമോ എന്ന തോന്നലിൽ നിന്നാണോ ഈ തീരുമാനം വന്നതെന്ന് അറിയില്ല. ആരോപണം നേരിട്ടവർക്ക് സങ്കടം വരാതിരിക്കാനാണോ തീരുമാനം എടുത്തതെന്നും അറിയില്ല. ഈ കൂട്ടരാജിയെ ഒരിക്കലും ഉൾക്കൊള്ളാനാകില്ല”.
“ഇതിനെല്ലാം ജഗദീഷാണ് ഉത്തരം പറയേണ്ടത്. മോഹൻലാലിനെ നിർത്തികൊണ്ട് ഞങ്ങളാണ് ഒഫീഷ്യൽ പാനലെന്നും, അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ ലിബറൽ എന്നുള്ള രീതിയിലാണ് അസോസിയേഷൻ തെരഞ്ഞടുപ്പിന്റെ തലേദിവസം അദ്ദേഹം സംസാരിച്ചത്. ഞങ്ങളാണ് മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ. ഞങ്ങളാണ് മോഹൻലാലിന്റെ കൂടെ നിൽക്കുന്നവൻ എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് മോഹൻലാൽ നിശബ്ദനായി നിന്നുകൊടുത്തു. ഇതിന്റെയൊക്കെ പരിണിതഫലമാണ് ഈ കാണുന്നത്”.
സർക്കാരിനെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നവരാണ് മാദ്ധ്യമങ്ങൾ എന്ന് പറയാൻ കഴിയില്ല. മാദ്ധ്യമങ്ങൾ എല്ലാ വിഷയവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ്. ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ല. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രം. ശേഷിയുള്ളവർ ഇനി നേതൃത്വത്തിലേക്ക് വരട്ടെ. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം. പക്ഷേ, അവർ എത്ര യോഗങ്ങളിൽ വരുന്നു എന്നത് പരിശോധിക്കണമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.















