തമാശയ്‌ക്ക് പറഞ്ഞ ഡയലോഗുകൾ പോലും ആരോപണമായി വരികയാണെന്ന് നടൻ ജയൻ ചേർത്തല. ഉയരുന്ന ആരോപണങ്ങൾ ചില മാദ്ധ്യമങ്ങൾ വെറെ പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ടെന്നും ഇതിനകത്തൊരു രാഷ്‌ട്രീയമുണ്ടെന്നും ജയൻ പറഞ്ഞു. അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ജനങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനാണ് ഞങ്ങൾ രാജിവച്ചത്. പുതിയ ഭാരവാഹികൾ ജയിച്ച് വരട്ടെ. അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. 116-ഓളം പേർക്ക് മാസം തോറും 5,000 രൂപ പെൻഷൻ നൽകണം. മരുന്നുകൾ വിതരണം ചെയ്യണം. ഇതൊക്കെ അമ്മയുടെ ഉത്തരവാദിത്തമാണ്. അതിൽ നിന്നൊന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. സംഘടന ഒരിക്കലും അനാഥമാക്കാൻ സാധിക്കില്ല”.
“കേസുകൾ മാറി, അഗ്നിശുദ്ധി വരുത്തിയ ഇതേ ആൾക്കാർ തന്നെ വരുന്ന ഭരണസമിതിയിൽ ചിലപ്പോൾ ഉണ്ടായിരിക്കാം. ജനങ്ങൾ ഇപ്പോൾ അമ്മയെ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. മാദ്ധ്യമങ്ങൾ പറയുന്ന ഭാഷയിലാണ് ജനങ്ങൾ അമ്മയെ കാണുന്നത്”.
“ഞങ്ങൾ എപ്പോഴും ഇരയ്‌ക്കൊപ്പം തന്നെയാണ് നിൽക്കുന്നത്. ഒരിക്കലും വേട്ടക്കാർക്കാപ്പം നിൽക്കില്ല. ഒരാൾ തെറ്റ് ചെയ്ത് കഴിഞ്ഞാൽ അമ്മ ഒരിക്കലും അതിനെ അനുകൂലിക്കില്ല. തലപ്പത്തിരിക്കുന്നവർക്കെതിരെ പോലും ആരോപണങ്ങൾ വരുമ്പോൾ സംഘടനയ്‌ക്ക് തന്നെ വളരെയധികം വിഷമമാണ്. രാജിവെക്കണമെന്ന് എല്ലാവരും ആലോചിച്ചെടുത്ത തീരുമാനമാണ്”. രണ്ട് മാസത്തിനുള്ളിൽ അടുത്ത ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു.















