അമ്മ സംഘടനയിലെ ഭരണസമിതിയുടെ കൂട്ടരാജി ജനാധിപത്യപരമാണെന്ന് സംവിധായകൻ വിനയൻ. അമ്മയുടെ ആഭ്യന്തര പ്രശ്നമാണിതെന്നും സംഘടനയിലെ തലപ്പത്തിരിക്കുന്നവർ പോലും ആരോപണ വിധേയരാകുമ്പോൾ അത് പ്രസിഡന്റായ മോഹൻലാലിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കാമെന്നും വിനയൻ പറഞ്ഞു.
“പുതിയ തലമുറ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് പലരും ചിന്തിക്കുന്നുണ്ട്. വ്യത്യസ്തമായി ചിന്തിക്കുന്നവർ മുന്നിലേക്ക് വരണമെന്നാണ് സംഘടനയ്‌ക്കുള്ളിൽ തന്നെ പലരും പറയുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് നടത്തിയ വാർത്താസമ്മേളനം ജനമദ്ധ്യത്തിൽ വളരെ സ്വീകാര്യത നേടിയിരുന്നു. പൃഥ്വിരാജ്, ഉർവ്വശി, ജഗദീഷ് തുടങ്ങിയ വ്യത്യസ്ത കാഴ്ചപ്പാടുള്ള ആളുകൾ വരണം”.
“സിനിമാ മേഖലയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടയാളാണ് ഞാൻ. 2018-ൽ തന്നെ ഇതിനെ കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. ആരാണ് ഇതിന്റെ ഉത്തരവാദികൾ, ആരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് എന്നൊക്കെ അന്ന് കണ്ടെത്തണമായിരുന്നു. ഇതിനെ കുറിച്ചൊരു ചർച്ച തന്നെ വേണ്ടിയിരുന്നതാണ്”.
ആരോപണങ്ങൾ ഉണ്ടാകട്ടെ, അവർക്കെതിരെ നിയമ നടപടികളും ഉണ്ടാകണം. പുതിയ ആൾക്കാർ വരട്ടെ. വർഷങ്ങളായി സംഘടനയിലുണ്ടായ പ്രശ്നങ്ങൾ മാറണം. വർഷങ്ങളായി തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇപ്പോഴുമുള്ളത്. വ്യത്യസ്തമായ ആളുകൾ വരുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ സ്ത്രീകളും ചെറുപ്പക്കാരും വരട്ടെയെന്നും വിനയൻ പറഞ്ഞു.