സിദ്ദിഖ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ സിനിമയായ ഉറിയടിയുടെ നിർമാതാവിനെതിരെ ലൈംഗികാരോപണം. സിനിമയുടെ നിർമാതാക്കളിലൊരാളായ സുധീഷ് ശങ്കരനെതിരെയാണ് നടി പരാതിപ്പെട്ടത്. സീരിയലിന്റെ ഓഡീഷന് വരണമെന്ന് പറഞ്ഞ് തന്നെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
2019-ലാണ് കേസിനാസ്പദമായ സംഭവം. ഉറിയടി എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ വേഷമായതിനാൽ പുതുതായി തുടങ്ങുന്ന സീരിയലിൽ മുഖ്യ വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡന ശ്രമമെന്നാണ് നടിയുടെ ആരോപണം. ഇതിനായി പ്രൊഡക്ഷൻ കൺട്രോളർ ഷാനുവാണ് തന്നെ വിളിച്ചതെന്നും നടി ആരോപിച്ചു.
എന്നാൽ സീരിയലിനെ കുറിച്ച് കൂടുതലായി ചോദിച്ചപ്പോൾ ചില അഡ്ജസ്റ്റ്‌മെന്റുകൾ വേണമെന്നായിരുന്നു സുധീഷിന്റെ മറുപടി. അങ്ങനെ കിട്ടുന്ന അംഗീകാരം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ നിർമാതാവ് കടന്നുപിടിച്ചെന്നാണ് ആരോപണം. തുടർന്ന് സുധീഷിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു.
നിർമാതാവിന്റെ ഭാര്യയെയും കുടുംബത്തെയും ഓർത്താണ് പരാതി നൽകാതിരുന്നതെന്നും എന്നാൽ ഇയാൾക്കെതിരെ ഭാര്യ തന്നെ പരാതിപ്പെട്ടിട്ടുള്ള വിവരം അടുത്തിടെയാണ് അറിഞ്ഞതെന്നും നടി പറയുന്നു. ഇതോടെയാണ് താൻ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി.















