തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ഭരണ സമിതിയുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. പൊതുപരിപാടിയിലായിരുന്നു പരാമർശം. അമ്മ എന്ന മഹത്തായ സംഘടന നശിച്ച ദിവസമാണിന്ന്. അത് നശിച്ചു കാണണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവർക്ക് സന്തോഷിക്കാം. വ്യക്തപരമായ ഹൃദയ വേദനയാണിത്. മമ്മൂട്ടി,മോഹൻലാൽ, സുരേഷ്ഗോപി എന്നിവരിൽ നിന്ന് 50,000 രൂപവീതം വാങ്ങിയാണ് സംഘടന തുടങ്ങിയത്.
മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ ഇനിയാരുണ്ട്? അവരില്ലാതെ കൂട്ടിയാൽ കൂടില്ല. ചിലർ പറയുന്ന ആരൊക്കെ പ്രസിഡന്റായി വന്നാലും സംഘടനയെ നിലനിർത്താനാകില്ല. പുതിയ ജനറേഷനിലെ ആര് നയിക്കുമെന്ന് കാണാം. മോഹൻലാൽ ഒഴിഞ്ഞുമാറി നിൽക്കുകയാണ്. അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തെ പോലൊരു മഹാനടനെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയും സമാന നിലപാടാണ് നേരത്തെ സ്വീകരിച്ചത്. ഇപ്പോൾ അമ്മ സംഘടനയുടെ കാറ്റുപോയ നിലയിലാണെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.