പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.പാലക്കാട് കൂറ്റനാടിനടുത്ത് ന്യൂബസാറിൽ വെച്ചാണ് സംഭവം. ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയയാണ് (20) മരിച്ചത്.
ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. തന്നെ കാത്തു നിന്ന അമ്മയുടെയും സഹോദരന്റെയും മുന്നിൽ വച്ച് കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശ്രീപ്രിയയെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊന്നാനി സ്വദേശിയുടെ കാറാണ് ഇടിച്ചത്. പട്ടാമ്പിയിൽ നിന്ന് ചങ്ങരംകുളത്തേക്ക് പോകുകയായിരുന്നു വാഹനം. ഇടിച്ചശേഷം റോഡരികിലുള്ള കൊടിമരത്തിൽ തട്ടിയാണ് കാർ നിന്നത്.















