പ്രമുഖ മ്യൂസിക് ആപ്പായ Wynk Music അടച്ചു പൂട്ടാനൊരുങ്ങി ഭാരതി എയർടെൽ. വിങ്ക് മ്യൂസിക്കുമായി ബന്ധപ്പെട്ട ജീവനക്കാരെ കമ്പനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ആപ്പിളുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് വിങ്ക് മ്യൂസിക് അടച്ചുപൂട്ടുന്ന വിവരം പങ്കുവച്ചത്.
ഐഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളോടെ ആപ്പിൾ മ്യൂസിക്ക് ഉപയോഗിക്കാൻ കമ്പനി ആപ്പിളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക്കിലേക്ക് ആക്സസ് ഉണ്ടാകും. വിങ്ക് പ്രീമിയം വരിക്കാർക്ക് എയർടെല്ലിൽ നിന്ന് പ്രത്യേക പ്രമോഷനുകൾ ലഭിക്കും. 2014-ലാണ് എയർടെൽ വിങ്ക് മ്യൂസിക് ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷത്തിലധികം സബ്സ്ക്രൈബഴ്സാണ് മ്യൂസിക് ആപ്പിനുള്ളത്.
Xstream സ്ട്രീമിംഗ് വഴി ആപ്പിളിന്റെ വീഡിയോ പ്ലാറ്റ്ഫോമായ Apple TV+ ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചിരുന്നു. ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. എയർടെൽ വിങ്ക്, എയർടെൽ താങ്ക്സ്, എയർടെൽ എക്സ്ട്രീം എന്നിവയിലൂടെ 220 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഭാരതി എയർടെല്ലിനുള്ളത്.