തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
ഇമെയിൽ മുഖേനയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇന്നലെ രാത്രിയാണ് കേസ് മ്യൂസിയം പൊലീസിന് കൈമാറിയത്. പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗമായിരിക്കും അന്വേഷിക്കുക.
ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച് നടൻ സിദ്ദിഖും യുവനടിക്കെതിരെ പരാതി നൽകിയിരുന്നു. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണ ഉന്നയിച്ച് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാൾ നടി ശ്രീലേഖ മിത്ര പരാതി നൽകിയിരുന്നു.