ന്യൂഡൽഹി: രാജ്യസഭയിലെ അംഗബലം വർദ്ധിപ്പിച്ച് എൻഡിഎ. 11 അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ എൻഡിഎയുടെ അംഗസംഖ്യ 115 ആയി ഉയർന്നു. ഒൻപത് പേർ ബിജെപിയിൽ നിന്നും സഖ്യകളായ ജനതാദൾ യുണൈറ്റഡിൽ നിന്നും, എൻസിപി (അജിത് പവാർ) നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും എൻഡിഎയ്‌ക്കുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ, അസമിൽ നിന്ന് രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചൗധരി, മഹാരാഷ്‌ട്രയിൽ നിന്ന് ധര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്ന് രാജീവ് ഭട്ടാചാരി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 12 ഒഴിവുകളിൽ ഒരു സീറ്റ് തെലങ്കാനയിൽ നിന്ന് കോൺഗ്രസിന് ലഭിച്ചു. ഇതോടെ ഉപരിസഭയിൽ പ്രതിപക്ഷ സംഖ്യ 85 ആയി.















