കോന്നി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയങ്ങളിൽ വെളളം ചേർക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമപ്രവർത്തകരും ഇക്കാര്യത്തിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കെ സുരേന്ദ്രൻ കോന്നിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അദ്ദേഹത്തെ രാവിലെ മാദ്ധ്യമപ്രവർത്തകർ കണ്ടിരുന്നു. പിന്നെയും വീണ്ടും എല്ലാവരും ചേർന്ന് ചെല്ലുകയായിരുന്നു. ഇക്കാര്യത്തിൽ കുറച്ച് മാദ്ധ്യമങ്ങളും ശ്രദ്ധിക്കണം. മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ അടിസ്ഥാന പ്രശ്നം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പൊതുസമൂഹ പ്രതിനിധികളും മാദ്ധ്യമങ്ങളും ഒരുമിച്ച് നിന്ന് സർക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യേണ്ട വിഷയമാണിത്. അപ്പോഴാണ് സുരേഷ് ഗോപിയുടെ വിഷയം ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു. അതിന്റെ അർത്ഥം ബിജെപിയുടെ നിലപാട് ശരിയെന്നാണ്. അമ്മ ഭാരവാഹികൾക്ക് തന്നെ ബോധ്യപ്പെFEATട്ടു. അതുകൊണ്ടാണ് അവരെല്ലാം രാജിവച്ചത്. നടപടിയെടുക്കണ്ടവർ പുരപ്പുറത്ത് കയറിയിരുന്ന് വെറുതെ പ്രസംഗിച്ചാൽ പോരല്ലോ മാദ്ധ്യമങ്ങളായാലും രാഷട്രീയ പാർട്ടികളായാലും അവരുടെ ഫോക്കസ് എന്താണെന്ന് കൃത്യമായി മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ വീണ്ടും വീണ്ടും ചോദിച്ചതോടെ ആയിരുന്നു ഈ പ്രതികരണം. ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.