തിരുവനന്തപുരം: 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചുണ്ടായ ദുരനമുഭവം തുറന്നുപറഞ്ഞത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി. വീട്ടുകാരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടെന്നും അലവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷം ആവശ്യമെങ്കിൽ പേര് വെളിപ്പെടുത്താമെന്നും താരം പറഞ്ഞു. പരാതി വ്യക്തിപരമായ നേട്ടത്തിനല്ലെന്നും തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് ചെയ്തതെന്ന് നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ കമ്മീഷന് മുൻപാകെ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ വരുന്നുണ്ടെന്നും ഭയമില്ലെന്നും താരം പറഞ്ഞു. രാത്രി പത്രണ്ടരയ്‌ക്ക് ശേഷം വരുന്ന കോൾ എടുക്കേണ്ട ആവശ്യമില്ല. അത്തരം കോളുകളിൽ ഒന്നും പേടിയില്ല. ആർക്കെങ്കിലും എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ നേരിട്ടാകാം. മരിക്കാൻ ഭയമില്ല. തന്നെ വന്നിട്ട് കൊന്നിട്ട് പോയാലും സാരമില്ല. ഇന്നല്ലെങ്കിൽ നാളെ ഒരു സ്ത്രീ ഈ തെമ്മാടിത്തരം പുറത്തു കൊണ്ടുവരുമെന്നും അവർ പറഞ്ഞു.
ഓൺലൈൻ മീഡിയയിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചു. ഐഡി കാർഡ് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. കോമൺ ആയി വീഡിയോ എടുത്ത് എല്ലാവർക്കും കൊടുക്കാനാണെന്ന് അയാൾ പറഞ്ഞു. മറ്റ് മാദ്ധ്യമപ്രവർത്തകർ ആരും ഇന്ന് ചോദിക്കാത്ത ചോദ്യങ്ങൾ അയാൾ ചോദിച്ചത്. എന്നെ കുറിച്ച് പഠിക്കാൻ വന്നതാണോയെന്ന സംശയമുണ്ട്. മറ്റെവിടെയും വെളിപ്പെടുത്താത്ത നടന്റെ പേര് വളരെ കൃത്യമായി അയാൾ പറഞ്ഞെന്നും അതും സംശയം ജനിപ്പിച്ചു. താരത്തിന്റെ സിനിമാ റിലീസിനൊരുങ്ങുകയാണ്. ഇത്തരമൊരു ആരോപണം അതിനെ ബാധിക്കില്ലെയെന്നും അയാൾ ചോദിച്ചുവെന്നും സോണിയ മൽഹാർ ആരോപിക്കുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെ വരുന്ന വഴി സൂപ്പർ സ്റ്റാർ കയറിപ്പിടിച്ചെന്നാണ് നടിയുടെ ആരോപണം.















