കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും ലൈംഗികാരോപണങ്ങളും ഉയർന്നതിന് പിന്നാലെ ചില നടന്മാർക്കെതിരെയും സംവിധായകർക്കെതിരെയും ആരോപണം ശക്തമാക്കി സംവിധായകൻ ആഷിഖ് അബു. അമ്മ സംഘടനയിൽ ജനാധിപത്യം കടന്നുവരികയാണെന്ന് പറഞ്ഞ ആഷിഖ് അബു ഫെഫ്കയിലും കലാപ കൊടി ഉയർത്തിയിട്ടുണ്ട്.ആഷിഖ് അബു ഇരുസംഘടനകളിലും പിളർപ്പുണ്ടാക്കി ആധിപത്യത്തിന് ശ്രമിക്കുന്നുവെന്ന് ഇതിനിടെ ഒരു വിഭാഗം പേർ ആരോപണം ഉയർത്തിയിട്ടുണ്ട്.
ഫെഫ്കയുടെ പ്രതികരണം കാപട്യമെന്നാണ് ആഷിഖ് അബു പറഞ്ഞത്. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത്. ചലച്ചിത്ര നയരുപീകരണ സമിതിയിൽ നിന്ന് ഉണ്ണികൃഷ്ണനെ മാറ്റണം. ഫെഫ്കയെന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി.
ഉണ്ണികൃഷ്ണന് വ്യാജ ഇടതുപക്ഷ പരിവേഷം അണിഞ്ഞയാളാണ്. നട്ടെല്ലുണ്ടെങ്കിൽ പൊതുമദ്ധ്യത്തിൽ പ്രതികരിക്കട്ടെയെന്നും ആഷിഖ് പറഞ്ഞു. അതേസമയം വിലക്കിയവരെയും പുറത്തുപോയവരെയും അമ്മയിലേക്ക് തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും വനിതകളെ തലപ്പത്ത് കൊണ്ടുവരണമെന്നും ആഷിഖ് അബു പറഞ്ഞു.
എന്നാൽ മുകേഷിനെതിരെ കാര്യമായ പ്രതികരണമൊന്നും നടത്താൻ ആഷിഖ് അബു തയാറായില്ല. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്നായിരുന്നു ഫെഫ്ക്കയുടെ പ്രതികരണം. വാർത്താ കുറിപ്പ് പുറത്തിറക്കിയാണ് ഫെഫ്ക പ്രതികരണം അറിയിച്ചത്.