ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനധികൃതമായി അനുവദിച്ചത് വിവാദമാകുന്നു. എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകളാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്.
ഖാർഗെമാരുടെ ട്രസ്റ്റിന് സ്ഥലം അനുവദിച്ചത് മുഡ പോലുള്ള മറ്റൊരു അഴിമതിയാണെന്നാരോപിച്ച് ഗവർണർ താവർചന്ദ് ഗെലോട്ടിനോട് ഈ വിഷയത്തിൽ ഇടപെടാൻ ബിജെപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് പുതിയ വിവാദം.
അർഹരായ പട്ടികജാതി സംരംഭകർക്ക് ലഭിക്കേണ്ട അവസരം തട്ടിയെടുത്തതിന് പ്രിയങ്ക് ഖാർഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി ഗവർണറോട് ആവശ്യപ്പെട്ടു.വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടണം എന്നാവശ്യപ്പെട്ട് ബിജെപി ചൊവ്വാഴ്ച ഗവർണർക്ക് നിവേദനം നൽകി.
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) എയ്‌റോസ്‌പേസ് പാർക്കിലെ ഭൂമിയിൽ നിന്ന് ഖാർഗെമാരുടെ നേതൃത്വത്തിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനാണ് എസ്‌സി ക്വാട്ടയിൽ ഭൂമി അനുവദിച്ചത്.
“എങ്ങനെ ചെയ്തു എന്നതാണ് ചോദ്യം. ഖാർഗെമാർ എങ്ങിനെ എയ്‌റോസ്‌പേസ് സംരംഭകരായി? ഈ അലോട്ട്‌മെൻ്റിന് വകുപ്പ് എങ്ങനെയാണ് അംഗീകാരം നൽകിയത്? ഭൂമി അനുവദിക്കാൻ മന്ത്രി മുഖ്യമന്ത്രിയെ നിർബന്ധിച്ചോ”, ചളവടി നാരായണസ്വാമി ചോദിച്ചു. പ്രിയങ്ക് ഖാർഗെ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.















