അപമര്യാദയായി പെരുമാറിയതിന് നടനെതിരെ ശബ്ദം ഉയർത്തിയതിനാൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താന്‍ ശ്രമിച്ചുവെന്ന് ചലച്ചിത്ര താരം ഡോ. ശിവാനി ഭായി. സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം തടഞ്ഞത് മോഹന്‍ലാലാണെന്നും മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കമായെന്നും നടി പറഞ്ഞു. അമ്മ സംഘടനയിലെ കൂട്ടരാജിയെ കുറിച്ച് ജനംടിവിയോട് സംസാരിക്കുകയായിരുന്നു താരം.
ഒരു താരം കതകിൽ വന്ന് മുട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്. അതിന്റെ പിറ്റേ ദിവസം തന്നെ പ്രൊഡ്യൂസറോടും സംവിധായകനോടും പറഞ്ഞ് ആ പ്രശ്നം പരിഹരിച്ചിരുന്നു. തുറന്നുപറഞ്ഞാൽ നീതി ലഭിക്കും എന്ന കാര്യം ഉറപ്പാണ്. എന്നോടൊപ്പം അഭിനയിക്കാൻ താത്പര്യമില്ലെന്ന് കതകിൽ മുട്ടിയ ആൾതന്നെ പറഞ്ഞിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് ഇത് ലാൽ സാറിന്റെ ചെവിയിലെത്തിയത്. ഒരു പെൺകുട്ടിയെ അഭിനയിക്കണം എന്ന് പറഞ്ഞുകൊണ്ട് എത്തിച്ചിട്ടുണ്ടെങ്കിൽ അഭിനയിച്ചിട്ട് തന്നെയാകണം ആ കുട്ടി സെറ്റിൽ നിന്ന് പോകേണ്ടതെന്ന് ലാൽ സർ പറഞ്ഞു.
സിനിമയിലെ എല്ലാവരും ഒരിക്കലും മോശമല്ല. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ നമ്മളെ പിന്തുണക്കുന്ന ആൾക്കാരും ഇതിനകത്തുണ്ട്. എല്ലാ മേഖലയിലും ഉണ്ടാകും 10 ശതമാനം മോശമായിട്ടുള്ള ആളുകൾ. അതുപോലെ ഇവിടെയുമുണ്ട്. അമ്മയിലെ ഭാരവാഹികൾ രാജിവച്ചതിനോട് ഒരു യോജിപ്പുമില്ല. ആ സ്ഥാനത്ത് തന്നെയിരുന്ന് തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കണമായിരുന്നു. ആർക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും ശിവാനി ഭായി പറഞ്ഞു.















