കാസർകോട്: ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്മൃതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
ആശുപത്രിയിലെത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നൽകിയിരുന്നു. തുടർന്ന് ഡോക്ടർ സ്മൃതിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ സങ്കടത്തിലായിരുന്നു യുവതി. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
നഴ്‌സുമാർ താമസിക്കുന്ന ആശുപത്രിയുടെ തന്നെ ക്വാർട്ടേഴ്സിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു യുവതി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്മൃതി ആശുപത്രിയിൽ വന്നിരുന്നെങ്കിലും തിരിച്ച് മുറിയിലേക്ക് മടങ്ങുകയായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നെങ്കിലും കോൾ എടുത്തിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളും ക്വാർട്ടേഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.















