ബംഗ്ലാദേശിൽ ടിവി ജേർണലിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 32-കാരിയായ റഹ്മുന സാറ ഖാസിയാണ് മരിച്ചത്. ധാക്കയിലെ ഹതിർജീൽ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാസി ടിവിടുയെ ന്യൂസ് റൂം എഡിറ്ററാണ് മരിച്ച യുവതി. പ്രാദേശിക മാദ്ധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് യുവതിയുടെ മൃതദേഹം നദിയിൽ ഒഴുകുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സെഗുൻബാഗിച്ചയിലെ ഓഫീസിൽ നിന്ന് രഹ്മുന പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അവരുടെ മൃതദേഹം ഹതിർജീൽ തടാകത്തിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടേത് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം.
രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമെന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ മരണത്തെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് വിശേഷിപ്പിച്ചത്. അതേസമയം മരണം ആത്മഹത്യയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് ഇക്കാര്യം അടിവരയിടുന്നത്.റിപ്പോർട്ട് അനുസരിച്ച്, മൃതദേഹം ഡിഎംസിഎച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവം ഹതിർജീൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എയ്ഡ്പോസ്റ്റ് ഇൻസ്പെക്ടർ ബച്ചു മിയ പറഞ്ഞു.















