പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ- 2 റിലീസിനെത്താൻ ഇനി 100 ദിവസങ്ങൾ കൂടി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. റിലീസ് ചെയ്യാൻ 100 ദിവസങ്ങൾ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഡിസംബർ ആറിനാണ് തീയേറ്ററുകളിൽ എത്തുന്നത്.
സുകുമാർ റൈറ്റിംഗ്‌സിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിർമിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ- 2 ഇറങ്ങുമ്പോൾ അല്ലുവിന്റെ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
ചിത്രം റിലീസ് ചെയ്യാൻ വൈകുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്നത്. അല്ലു അർജുനും സംവിധായകനും തമ്മിൽ സ്വര ചേർച്ചയില്ലെന്നായിരുന്നു ഉയർന്ന ആരോപണം. ഇതിന് പിന്നാലെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അല്ലു അർജുൻ തന്നെ രംഗത്തെത്തിയത്.















