ഡെറാഡൂൺ: രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് സ്ഥാപക ദിനമായ നവംബർ 9ന് മുമ്പായി ഏകീകൃത സിവിൽ കോഡ് നിയമം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” നവംബർ 9ന് മുമ്പായി ഏകീകൃത സിവിൽ കോഡ് ഉത്താരാഖണ്ഡിൽ പ്രാബല്യത്തിൽ വരും. വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയത്താൽ മറ്റ് സർക്കാരുകൾ നടപ്പിലാക്കാൻ ഭയപ്പെട്ട നിരവധി നിയമങ്ങൾ ഞങ്ങൾ ഇപ്പോൾ പ്രാബല്യത്തിലാക്കി. ഇതിലൊന്നാണ് ഏകീകൃത സിവിൽ കോഡ്. ഇതും വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു.”- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് ദേവഭൂമിയുടെ സ്വത്വം സംരക്ഷിക്കുകയെന്ന കടമകൂടി ഉത്തരാഖണ്ഡ് സർക്കാർ ഏറ്റെടുത്തു. വരും തലമുറയ്‌ക്കും നമ്മുടെ പൈതൃകം കൈമാറാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം, ജാതി, ലിംഗം എന്നിവയ്‌ക്ക് അതീതമായി എല്ലാവരെയും ചേർത്തുപിടിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. ആദ്യമായി സംസ്ഥാനത്ത് നിയമം നടപ്പിലാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 7നാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. ചരിത്ര നിമിഷമെന്നായിരുന്നു അന്ന് പുഷ്‌കർ സിംഗ് ധാമി വിശേഷിപ്പിച്ചത്. ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. മുത്തലാഖ് പോലുള്ള നിയമങ്ങൾക്ക് തടയിട്ട് എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുകയെന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം.















