കൊൽക്കത്ത: ഹേമ കമ്മിറ്റിക്ക് സമാനമായി ഒരു സമിതിയെ ബംഗാൾ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിക്കാൻ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് താരങ്ങൾ. ബംഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമൻസ് ഫോറം ഫോർ സ്ക്രീൻ വർക്കേഴ്സാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണം, ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കണം, പരാതിക്കാർക്ക് ഹെൽപ് ലൈൻ സജ്ജമാക്കണം എന്നീ ആവശ്യങ്ങളാണ് വനിതാ സംഘടന ഉന്നയിക്കുന്നത്. സംഘടനയിലെ 100- ഓളം പ്രവർത്തകർ ചേർന്ന് തയ്യാറാക്കി ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. അനുരാധ റേ, സ്വാസ്തിക മുഖർജി, രൂപ ഗാംഗുലി, അപർണ സെൻ, സൊഹിനി തുടങ്ങിയ താരങ്ങളാണ് നേരിട്ടെത്തി കത്ത് നൽകിയത്.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിറ്റിയുടെ കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് പ്രമുഖ നടന്മാർക്കെതിരെ പോലും ആരോപണങ്ങളുമായി രംഗത്തെത്തിയത്. റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പിൽ ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ മുൻനിര നായികമാർ വരെ ഇരകളായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
മുകേഷ്, മണിയൻപ്പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.















