പാരിസ്: ടെലഗ്രാമിലെ നിയമ ലംഘനം ആരോപിച്ച് അറസ്റ്റിലായ സിഇഒ പാവൽ ഡ്യൂറോവിന് ഫ്രാൻസ് വിടുന്നതിൽ നിന്ന് വിലക്ക്. റഷ്യൻ വംശജനായ പാവലിനെ നാല് ദിവസം മുൻപാണ് ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം അനുവദിച്ചെങ്കിലും രാജ്യം വിട്ടുപോകരുതെന്നാണ് കർശന നിർദേശം. ആപ്പിലെ നിയമവിരുദ്ധ ഉള്ളടക്കം തടയുന്നതിൽ പാവൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വഞ്ചന, സൈബർ ഇടങ്ങളിലെ ഭീഷണി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക, ലഹരിക്കടത്ത് എന്നതടക്കമുള്ള കുറ്റങ്ങളാണ് പാവലിനെതിരെ ചുമത്തിയിരിക്കുന്നത്.
അഞ്ച് മില്യൺ യൂറോ കെട്ടിവച്ചതിന് ശേഷമാണ് പാവലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഴ്‌ച്ചയിൽ രണ്ട് തവണ വീതം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും, ഫ്രാൻസിൽ തുടരണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ ടെലഗ്രാമിൽ പ്രചരിക്കുന്നുണ്ടെന്നും, അധികാരികൾ ആവശ്യപ്പെട്ട നിർണായക രേഖകൾ കൈമാറിയില്ലെന്ന കുറ്റവും പാവലിനെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ ഇത്തരം കുറ്റങ്ങൾ പാവലിനെതിരെ ചുമത്തുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് ഒലിവിയർ കാമിൻസ്‌കി സമർപ്പിച്ച അപ്പീലിൽ പറയുന്നു. ഡിജിറ്റൽ സേവന നിയമങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും ടെലഗ്രാം പാലിക്കുന്നുണ്ട്. കമ്പനി മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പാവലിന്റെ മുൻ പങ്കാളിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കുട്ടിയുമൊത്ത് പാരിസിൽ ആയിരുന്ന സമയത്ത് പാവൽ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. സ്വിറ്റ്‌സർലൻഡിൽ വച്ചും ഇവർ സമാനമായ പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.















