കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പരിപാടിക്കിടെ മമത ബാനർജി നടത്തിയ രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടന്ന ബന്ദിനിടെയാണ് ബംഗാൾ കത്തിച്ചാൽ അസമും ഡൽഹിയുമെല്ലാം കത്തിക്കുമെന്ന വിവാദ പ്രസ്താവന മമത നടത്തിയത്.
മമതയുടെ വാക്കുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് സുകാന്ത മജുംദാർ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ പറയുന്നു. ഒരു സംസ്ഥാനത്തിന്റെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് വന്നത് നഗ്നമായ നിയമലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അസം, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളെല്ലാം കത്തിക്കുമെന്നാണ് അവർ പറയുന്നത്. ഇതൊരിക്കലും ഭരണഘടനയുടെ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയുടെ ശബ്ദമല്ല. ദേശവിരുദ്ധനായ ഒരു വ്യക്തിയിൽ നിന്ന് വന്ന വാക്കുകളാണ്.
ജനങ്ങളെ ഭീഷണിപ്പെടുത്താനും അക്രമവും വിദ്വേഷവും പടർത്താനുമുള്ള വ്യക്തമായ ശ്രമമാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രി പദം പോലെ ഒരു സുപ്രധാന പദവി വഹിക്കാൻ ഇനിയും അവർക്ക് യാതൊരു അധികാരവും. എത്രയും വേഗം മമത രാജി വച്ച് ഒഴിയുകയാണ് വേണ്ടത്. സമാധാനം പ്രോത്സാഹിപ്പിക്കുകയും, ഏതൊരു തരത്തിലുള്ള അക്രമങ്ങളേയും നിരുത്സാഹപ്പെടുത്തുകയുമാണ് ഓരോ പൊതുപ്രവർത്തകന്റേയും പ്രത്യേകിച്ച് ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ കടമ.
എന്നാൽ ഒരു പൊതുപരിപാടിയിൽ മമത ബാനർജി നടത്തിയ പരാമർശം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെ അഖണ്ഡതയ്‌ക്കും ബംഗാളിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കും ഇതൊരു ഭീഷണിയാണ്. ഗൗരവമേറിയ വിഷയമാണിത്. ഈ സാഹചര്യത്തെ മനസിലാക്കി, നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും” സുകാന്ത മജുംദാറിന്റെ കത്തിൽ പറയുന്നു.















