കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷ് പ്രതികൂട്ടിലാണ്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നത്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ പ്രതിഷേധം കടക്കുകയാണ്. ഇന്നലെ മുകേഷിന് ചെരുപ്പുമാല ചാർത്തി എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുറ്റാരോപിതനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാട് ശരിയല്ലെന്നും മുകേഷ് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജ തന്നെ രംഗത്ത് വന്നിരുന്നു.
പീഡനത്തിന് കേസെടുത്തെങ്കിലും മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജിവച്ചിരുന്നില്ലെന്നാണ് ഇ.പി ജയരാജന്റെ വാദം. പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ മുകേഷിന്റെ കൊല്ലത്തെ വീടിന് പൊലീസ് സംരക്ഷണമൊരുക്കിയിട്ടുണ്ട്. രണ്ട് ജീപ്പ് പൊലീസുകാരാണ് വീടിന് സമീപം തമ്പടിച്ചിരിക്കുന്നത്.