ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിക്കുന്ന തിരിച്ചറിയൽ രേഖ ഇനിമുതൽ പാൻ കാർഡിനപേക്ഷിക്കാനുള്ള സാധുവായ രേഖയായി ഉപയോഗിക്കാമെന്ന് കേന്ദ്രം. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്ട് 2019 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് നൽകുന്ന തിരിച്ചറിയൽ രേഖകളാണ് പാൻ കാർഡ് ലഭ്യമാക്കാനായി ഉപയോഗിക്കാനാവുക. സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്രം വ്യക്തത വരുത്തിയത്.
അപേക്ഷ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചതായും ജസ്റ്റിസ് സുധാൻഷു ധൂലിയ, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ ഇതിൽ വ്യക്തത വരുത്തുന്നതിനായി നിയമമാക്കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 2018 ൽ ട്രാൻസ്‌ജെൻഡർ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. പാൻകാർഡിൽ ഭിന്നലിംഗ ഓപ്ഷൻ ഇല്ലാത്തതിനാൽ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനായില്ലെന്നായിരിന്നു യുവതിയുടെ പരാതി.
ബിഹാർ സ്വദേശിനിയായ സാമൂഹിക പ്രവർത്തക രേഷ്മ പ്രസാദ് തന്നെപ്പോലുള്ള ട്രാൻസ്‌ജെൻഡർ യുവതികൾക്ക് കൃത്യമായ തിരിച്ചറിയൽ രേഖ ലഭ്യമാകുന്നതിനായും ആധാറുമായി ബന്ധിപ്പിക്കുന്നതിനും പാൻകാർഡുകളിൽ പ്രത്യേക ഭിന്നലിംഗ വിഭാഗ ഓപ്ഷൻ സൃഷ്ടിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് അപേക്ഷിച്ചിരുന്നു. നേരത്തെ സുപ്രീം കോടതി വിധിക്ക് ശേഷം ആധാർ സംവിധാനത്തിൽ ഭിന്നലിംഗ വിഭാഗത്തെ ഉൾപ്പെടുത്തുകയും ആധാറിൽ ട്രാൻസ്‌ജെൻഡറായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.