ന്യൂഡൽഹി: തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിനും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടലിന്റെ (SHe-Box (Sexual Harassment e-box)) പുതിയ വേർഷനുമായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനാണ് നടപടി. കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയുടെ നേതൃത്വത്തിലാണ് പോർട്ടലിന്റെ പുതിയ വേർഷൻ ഉദ്ഘാടനം ചെയ്തത്. സ്ത്രീകൾക്കെതിരെ ജോലി സ്ഥലത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും ചൂഷണങ്ങളും പോർട്ടലിലൂടെ അറിയിക്കാം.
മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റും ഇതിനൊപ്പം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂർ, വനിതാ ശിശു വികസന സെക്രട്ടറി അനിൽ മാലിക് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഷീ-ബോക്സ് പോർട്ടലിന്റെ അപ്ഗ്രേഡഡ് വേർഷൻ, രാജ്യത്തുടനീളമുള്ള ഇൻ്റേണൽ കമ്മിറ്റികളുമായും (ഐസി) ലോക്കൽ കമ്മിറ്റികളുമായും (എൽസി) ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. സർക്കാർ, സ്വകാര്യ മേഖലകളെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണിത്. പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇൻ്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടൽ സഹായിക്കും.
ഷീ-ബോക്‌സ് പോർട്ടലിന് പുറമേ, മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും ആരംഭിച്ചു. പോർട്ടലും പുതിയ വെബ്‌സൈറ്റും: https://shebox.wcd.gov.in/ , https://wcd.gov.in/
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്നത് വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഇതിന് മുന്നോടിയായി സുരക്ഷിതമായ തൊഴിലിടം സ്ത്രീകൾക്ക് പ്രാപ്തമാക്കേണ്ടതുണ്ട്. ഇത് കൂടുതൽ സ്ത്രീകളെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ ഭാഗമായി കൂടിയാണ് നടപടി.















