ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും വിവാഹ മോചനങ്ങളും സംബന്ധിച്ച നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്ലാണ് സഭയിൽ പാസാക്കിയത്. അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935, അസം റിപ്പീലിംഗ് ഓർഡിനൻസ് 2024 എന്നിവ അസാധുവാക്കികൊണ്ടുള്ള അസം റിപ്പീലിംഗ് ബിൽ 2024 ആണ് പാസാക്കിയത്.
ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും മുസ്‌ലിം വിവാഹങ്ങളും വിവാഹ മോചനങ്ങളും സർക്കാരിന്റെ രജിസ്‌ട്രേഷൻ നിയമത്തിന് കീഴിൽ കൊണ്ടവരുന്നതിനുമായിട്ടാണ് ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് ബിൽ പാസാക്കിയത്. ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട വിവാഹങ്ങൾ പ്രത്യേക വ്യവസ്ഥകളിൽ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നു. പുതിയ നിയമം, അസം കമ്പൽസറി രജിസ്ട്രേഷൻ ഓഫ് മുസ്ലീം മാരേജ് ആൻഡ് ഡിവോഴ്സ് ബിൽ, 2024, ശൈശവ വിവാഹങ്ങളുടെ രജിസ്ട്രേഷൻ നിരോധിക്കുകയും എല്ലാ വിവാഹങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ, സമ്മതമില്ലാതെയുള്ള വിവാഹം, ബഹുഭാര്യത്വം എന്നിവ തടയുന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവാഹ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിൽ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അസമിലെ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയാണെന്ന യാഥാർഥ്യം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ ഓരോ പത്ത് വർഷം കൂടുമ്പോഴും 30 ശതമാനം എന്ന തോതിൽ വർദ്ധിക്കുന്നുണ്ടെന്നും 2041 ഓടുകൂടി മുസ്‌ലിം വിഭാഗം ഭൂരിപക്ഷ ജനസംഖ്യയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.