കോട്ടയം: നഗരസഭയിലെ മൂന്ന് കോടി രൂപയുടെ അഴിമതിയിൽ സിപിഎം ഉന്നതർക്ക് പങ്കെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ശ്രീജിൻ ലാൽ. സിപിഎം പ്രതികളെ സംരക്ഷിക്കുകയാണ്. കോൺഗ്രസും സിപിഎമ്മും പരസ്പര ധാരണയിലാണ് അഴിമതിക്ക് കുടപിടിക്കുന്നത്.
സിപിഎമ്മിലെ ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഉറപ്പാണ്. തട്ടിപ്പിന് നഴ്സിന്റെ സഹായം തേടുകയും വീണ്ടും പണം തട്ടിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ഉന്നതർ അറിയാതെ ഇതെങ്ങനെയാണ് സാധ്യമാകുന്നത്. പാർട്ടിക്ക് പ്രതികളിൽ നിന്നും പണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സിപിഎം അവരെ സംരക്ഷിക്കുന്നത്. പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. എല്ലാത്തിനും കൂട്ടുനിന്ന സെക്രട്ടറിക്കെതിരെ പോലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഭരണ സമിതിയിൽ കോൺഗ്രസിനെതിരായി ഒരു സമരവുമില്ല. ബിജെപി എന്തെങ്കിലും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന്റെ പേരിൽ പ്രഹസനം നടത്തുകയല്ലാതെ, അഴിമതികളിൽ ഇടപെടാൻ സിപിഎം തയ്യാറായിട്ടില്ല. അഴിമതികളിൽ ബിജെപി ശക്തമായി പ്രതിഷേധിക്കും. നഗരസഭയിലെ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ശ്രീജിൻ ലാൽ പറഞ്ഞു.















