ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം ഷഹീൻ ഷാ അഫ്രീദിയെ ഒഴിവാക്കി പാകിസ്താൻ. നിർണായക മത്സരത്തിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്. സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായി അഫ്രീദിയുടെ പേര് വെട്ടുകയായിരുന്നു. ടീമിന്റെ കോമ്പിനേഷനുകളുടെ ഭാഗമായാണ് താരത്തെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. ആദ്യ ടെസ്റ്റിൽ നാല് പേസർമാരെ ഇറക്കിയതിന് മുൻ താരങ്ങളടക്കം വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഷഹീനെ ഒഴിവാക്കാൻ ടീം തീരുമാനിച്ചത്.
സാഹചര്യങ്ങളെക്കുറിച്ച് താരത്തോട് സംസാരിച്ചതായി പരിശീലകൻ ജേസൺ ഗില്ലസ്പി പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളായി ടീമിന് ഒരു നല്ല ബൗളിംഗ് കോമ്പിനേഷൻ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു കുഞ്ഞ് ജനിച്ചതിനാൽ ഈ ഇടവേള വലിയാെരു ആശ്വാസമായിരിക്കുമെന്നും സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാനാകുമെന്നും പരിശീലകൻ പറഞ്ഞു. റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്താൻ പത്ത് വിക്കറ്റിന് ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് ടീമിനെതിരെ ഉയരുന്നത്.