തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയുടെ പകർപ്പും എഎഫ്‌ഐആർ പകർപ്പും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. യുവനടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും അതിനാൽ പരാതിയുടെ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് സിദ്ദിഖ് കോടതിയെ സമീപിച്ചത്.
സിദ്ദിഖിനെതിരായി പരാതി നൽകിയ നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖ് മസ്‌കറ്റ് ഹോട്ടലിൽ താമസിച്ചതിനുള്ള തെളിവുകൾ ലഭിച്ചിരുന്നു. 2016 ജനുവരി 28നാണ് സിദ്ദിഖ്, ഹോട്ടലിൽ തങ്ങിയിരുന്നത്. ഈ കാലയളവ് തന്നെയാണ് പരാതിക്കാരിയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ കൂടുതൽ തെളിവെടുപ്പിനായുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടയിലാണ് എഫ്‌ഐആറിന്റെയും യുവതിയുടെ പരാതിയുടെയും പകർപ്പ് ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയെ സമീപിച്ചത്.
2016 ജനുവരി 28നാണ് സിനിമയുടെ പ്രിവ്യു നടന്നത്. ഇതിന് ശേഷം തന്നെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി. മസ്‌കറ്റ് ഹോട്ടലിലെ ഒന്നാം നിലയിലെ മുറിയിലായിരുന്നു സിദ്ദിഖ് ഉണ്ടായിരുന്നത്. 2016ൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെയും നടിയുടെ മാതാപിതാക്കളുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ നടിയെ ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം. കെട്ടിച്ചമച്ച പരാതിയാണെന്ന് ആരോപിച്ച് സിദ്ദിഖ് നടിക്കെതിരെയും പരാതി നൽകിയിരുന്നു.















