ന്യൂഡൽഹി: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമെന്ന ഖ്യാതി ഇനി ഇന്ത്യൻ നഗരമായ മുംബൈക്ക് സ്വന്തം. 2024ലെ ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിരവധി ശതകോടീശ്വരന്മാരാണുള്ളത്. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിംഗിലുള്ള ശതകോടീശ്വരന്മാരേക്കാൾ കൂടുതൽ മുംബൈയിലുണ്ടെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ നഗരങ്ങളിൽ മുംബൈയ്‌ക്ക് തൊട്ടുപിന്നിലാണ് ന്യൂഡൽഹിയും ഹൈദരാബാദും ഇടംപിടിച്ചിരിക്കുന്നത്.
ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ 25 ശതമാനം പേരും മുംബൈ സ്വദേശികളാണ്. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് മുംബൈ. ന്യൂയോർക്ക് (119), ലണ്ടൻ (97) എന്നീ നഗരങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനകം 58 ശതകോടീശ്വരന്മാർ ഇന്ത്യയിൽ വർദ്ധിച്ചു. 29 ശതമാനം വർദ്ധനവാണ് രാജ്യത്തെ ശതകോടീശ്വരന്മാരിൽ രേഖപ്പെടുത്തിയത്. എന്നാൽ ചൈനയിൽ 25 ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യയുടെ സാമ്പത്തിക ശക്തി വർദ്ധിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഹുരുൻ ലിസ്റ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.