തിരുവനന്തപുരം: ജയസൂര്യക്കെതിരായുള്ള ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ചിത്രീകരണങ്ങളുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് കാണിച്ച് കന്റോൺമെന്റ് പൊലീസാണ് കത്ത് നൽകിയത്. സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗ് സെറ്റിൽ ശുചിമുറിയിൽ പോയി ഇറങ്ങുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി വെളിപ്പെടുത്തിയത്
ജയസൂര്യക്കെതിരായ പീഡനക്കേസിൽ നടനും ചിത്രത്തിന്റെ സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റും പരിസരവും കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്.
കേസിൽ നടിയുടെയും രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ജയസൂര്യക്കെതിരെ സെക്ഷൻ 354, 509, 354 A തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.