കൊച്ചി: ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത പ്രമേയമാണ് കാതൽ സിനിമയുടെതെന്നും സംവിധായകൻ കൂടിയായ വിജി തമ്പി എറണാകുളത്ത് പറഞ്ഞു.
ആ സിനിമ പറയുന്ന പ്രമേയം നമ്മുടെ സംസ്‌കാരത്തിന് യോജിക്കാത്ത പ്രമേയമാണ്. അതുകൊണ്ടാണ് ആ സിനിമയ്‌ക്ക് അവാർഡ് കൊടുക്കുന്നതിനോട് വിശ്വഹിന്ദു പരിഷത്ത് എതിർപ്പ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് നമ്മുടേതായ ഒരു ഭാരതീയ സംസ്‌കാരമുണ്ട്. ആ സംസ്‌കാരത്തിലധിഷ്ടിതമായിട്ടായിരിക്കണം എല്ലാ കലകളും വരേണ്ടതെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.
പല സിനിമകളിലും ഡ്രഗ്‌സിന്റെ ഉപയോഗം കാണാം. മദ്യം എന്നത് സിനിമകളിൽ പ്രധാനവിഷയമായി മാറിയിരിക്കുന്നു. ഇപ്പോൾ സിനിമകളിൽ ബന്ധങ്ങളില്ല. കുടുംബബന്ധങ്ങളില്ല. സഹോദരീ സഹോദര ബന്ധമില്ല. ഭാര്യാ ഭർതൃബന്ധമില്ല അങ്ങനെയൊന്നും. സിനിമ എന്നത് സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. സമൂഹത്തെ തന്നെ അത് ബാധിക്കുന്നുണ്ട്. സിനികളിലേത് കണ്ടിട്ട് പല കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്നും വിജി തമ്പി പറഞ്ഞു.
ഡ്രഗ്‌സിന്റെയും മദ്യത്തിന്റെയും ഉപയോഗം സിനിമയിൽ കുറയ്‌ക്കണം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റുകൾ കർശനമാക്കണം. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കാണികളെ തിയറ്ററുകൾ നിയന്ത്രിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടിടിയിൽ വന്നാൽ സെൻസർ പോലും ബാധകമല്ലാത്ത സ്ഥിതിയാണ്.
നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അച്ഛനമ്മമാരും കുഞ്ഞുങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കണം. അവർ മയക്കുമരുന്നിന് അടിമകളാണോ എന്ന് തിരിച്ചറിയണം. അത് വ്യക്തമായി ശ്രദ്ധിച്ചില്ലെങ്കിൽ നാളെ അത് വലിയ ദോഷത്തിലേക്ക് ചെന്ന് പതിക്കുമെന്നും വിജി തമ്പി പറഞ്ഞു.
ഹിന്ദു വീടുകളിൽ ഒരു നേരമെങ്കിലും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണമെന്ന് വിശ്വഹിന്ദു പരിഷത് പറയുന്നതിന്റെ കാരണമിതാണ്. വീടുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുപോലുമില്ല. ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആണ്. അതും ഒരുമിച്ചിരുന്ന് കഴിക്കുന്നില്ല. ഓരോ മുറിയിലായി ഇരുന്ന് കഴിക്കുകയാണ്. ഹോട്ടൽ സംസ്‌കാരത്തിലേക്ക് നമ്മുടെ വീടുകളും മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















