മാതൃസ്നേഹം തുളുമ്പുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ട്രെൻഡിംഗിൽ ഇടംപിടിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാർക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെയായിരിക്കും. അത്തരത്തിൽ ഏവരെയും ആകർഷിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു അമ്മ കടൽപശുവിന്റെയും അതിന്റെ കുഞ്ഞിന്റെയും ചിത്രമാണ് ഡോ. ജാസൺ ഗല്ലി പകർത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫ്‌സ് ഓഫ് ദ ഇയറിൽ ഇടംപിടിച്ച അമ്മ കടൽപശുവിന്റെയും കുഞ്ഞിന്റെയും ചിത്രമാണിതെന്ന് ഗല്ലി പറയുന്നു.
തന്റെ കുഞ്ഞിനോട് ചേർന്ന് നിൽക്കുന്ന അമ്മ കടൽപശുവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സന്തോഷം പകരുന്ന നിമിഷങ്ങൾ പകർത്താനൊരു കാരണമുണ്ടെന്നും ജിയോളജിസ്റ്റായ ഗല്ലി പറയുന്നു. കടലിന്റെ അടിത്തട്ടിലെത്തിയപ്പോഴാണ് ഒരുകൂട്ടം കടൽപശുക്കളെ അദ്ദേഹം കണ്ടത്. അവയിൽ ചിലത് അദ്ദേഹത്തിന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി.
ഇത്തരത്തിൽ കുഞ്ഞ് കടൽപശുക്കൾ നിരവധി തവണ തന്റെ അടുത്തേക്ക് വരികയും ഭയപ്പെട്ട് തിരിച്ച് കടൽപശുക്കളുടെ കൂട്ടത്തിലേക്ക് തന്നെ ഓടിപ്പോവുകയുമായിരുന്നുവെന്ന് ഗല്ലി പറഞ്ഞു. കൗതുകമുണർത്തുന്ന കാഴ്ചകൾ പകർത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ മത്സരങ്ങൾക്ക് വേണ്ടി മാത്രം താൻ ചിത്രങ്ങൾ പകർത്താറില്ലെന്നും അദ്ദേഹം പറയുന്നു. നിരവധി കാരണങ്ങളാൽ കടൽപശുക്കൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. അവയെ സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നാണ് ഗല്ലിയുടെ ആവശ്യം.















