കോഴിക്കോട്: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ. ഷഹീദ്, ആഷിക്, വിഘ്‌നേഷ് എന്നീ മലയാളികൾ ചേർന്നാണ് ഡാറ്റ എൻട്രി ജോലിയെന്ന് പറഞ്ഞാണ് കോഴിക്കോട് സ്വദേശിയെ കുടുക്കിയത്. സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ നിന്ന് യുവാവിനെ രക്ഷപെടുത്തി നാട്ടിലെത്തിക്കാൻ സഹായിച്ചത്.
ട്രാവൽ ഏജൻസി മുഖാന്തരമാണ് യുവാവ് ലാവോസിൽ എത്തിയത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തട്ടിപ്പിനിരയായെന്ന് യുവാവിന് മനസിലായി. ഓഗസ്റ്റ് 4നാണ് യുവാവ് വീട്ടിൽ നിന്നും പുറപ്പെട്ടത്. ജോലിക്കായുള്ള എല്ലാ പരിശീലനവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ജോലി തുടങ്ങിയതോടെയാണ് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ട്രേഡിംഗിനായി വ്യവസായികളെ വലയിൽ വീഴ്‌ത്തുന്ന ജോലിയാണെന്ന് മനസിലായത്.
പെൺകുട്ടികളുടെ വ്യാജ ഇൻസ്റ്റഗ്രാം ഐഡിയായിരുന്നു ഇതിനായി തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തിയിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ യുവതികളെ കൊണ്ട് ഫോൺകോളുകളും ചെയ്യിക്കുമായിരുന്നു. ചെറിയ നിക്ഷേപങ്ങൾക്ക് ഇരട്ടി പണം നൽകിയായിരുന്നു നിക്ഷേപകരെ തട്ടിപ്പുകാർ കയ്യിലെടുത്തിരുന്നത്. എന്നാൽ നിക്ഷേപ തുക കൂടുന്നതോടെ ഇവർ പണം തട്ടുകയും ഇൻസ്റ്റഗ്രാം ഐഡി ഡിലീറ്റ് ചെയ്യുമെന്നും യുവാവ് പറഞ്ഞു.
ഇത്തരത്തിൽ നിരവധി ഇന്ത്യക്കാരാണ് ലാവോസിൽ കുടുങ്ങി കിടക്കുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും തട്ടിപ്പുക്കാർക്കിടയിലുണ്ടെന്ന് യുവാവ് പറഞ്ഞു. കുടുങ്ങിയെന്ന് മനസിലായതോടെ കേന്ദ്രമന്ത്രിയെയും സുഹൃത്തിനെയും ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടലാണ് സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ചതെന്ന് യുവാവ് പറഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർക്ക് തന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും കൈമാറിയതായും യുവാവ് അറിയിച്ചു.















