വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി-സൂരി മുത്തുച്ചാമി ചിത്രം വിടുതൈലയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നിരൂപ-പ്രേക്ഷക പ്രശംസ നേടി വിടുതലൈ 2023-ലാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗം ഡിസംബർ 20ന് തിയേറ്ററിലെത്തും. ക്രിസ്മസ് അവധി ലക്ഷ്യമാക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീരുമാനിച്ചത്. വിജയ് സേതുപതിയുടെ ചെറുപ്പക്കാലമാകും ഏറെയും പാർട്ട് രണ്ടിൽ കാണിക്കുക. ആദ്യ ഭാഗത്തിൽ ഭാവാനി ശ്രീയായിരുന്നു നായികയെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ മഞ്ജു വാര്യരാണ് ലീഡ് റോളിലെത്തുന്നത്.
അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ആർ എസ് ഇൻഫോടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം. സഹനിർമാതാവായി വെട്രിമാരനുമുണ്ട്. ഇളയരാജയാണ് സംഗീതം പകരുന്നത്.
ഛായാഗ്രഹണം ആർ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.