മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ വീണ്ടും അവഹേളിച്ച് പിവി അൻവർ എംഎൽഎ. വൈകിട്ടോടെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ അൻവർ അകത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. എസ്പി ക്യാമ്പ് ഓഫീസിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നും അതിന്റെ കുറ്റി കാണണമെന്നുമായിരുന്നു എംഎൽഎയുടെ ആവശ്യം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് എംഎൽഎ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയത്.
പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ അകത്ത് കടക്കാൻ അനുവാദം വേണമെന്ന് അറിയിച്ചു. ഇവിടുന്ന് മുറിച്ചുകൊണ്ടു പോയ മരത്തിന്റെ കുറ്റി നോക്കാനാണ് വന്നതെന്നും എഴുതിതരണോ എന്നും എംഎൽഎ ചോദിച്ചു. എന്നാൽ എസ്പിയുടെ ഓഫീസിലേക്ക് വിളിച്ച് അനുമതി തേടണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എനിക്ക് അയാളുടെ ഓഫീസിൽ പോകുന്ന പണിയല്ലെന്ന് ആയിരുന്നു അൻവറിന്റെ മറുപടി.
എസ്പിയുടെ ക്യാമ്പ് ഓഫീസ് എന്നാണ് പേരെന്നും ഇതും ഓഫീസാണെന്നുമായിരുന്നു അൻവറിന്റെ വാദം. എന്നാൽ അകത്ത് കടക്കണമെങ്കിൽ എസ്പിയുടെ അനുവാദം വേണമെന്ന് പൊലീസുകാരൻ പറഞ്ഞു. എസ്പിയെ ഔദ്യോഗിക ആവശ്യങ്ങൾക്ക് കാണാൻ അവിടേക്ക് ആരും വരാറില്ലെന്നും പൊലീസുകാരൻ അറിയിച്ചു. മനുഷ്യരുമായി ബന്ധമില്ലാത്ത കൊണ്ടാണ് ആരും അയാളെ കാണാൻ വരാത്തതെന്ന് ആയിരുന്നു അൻവറിന്റെ പ്രതികരണം. എസ്പി ഡിപിഒയിൽ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും അൻവർ പോകാൻ തയ്യാറായില്ല.
ഞാൻ അയാൾ മുറിച്ച മരത്തിന്റെ കുറ്റി കാണാൻ വന്നതാണെന്ന് ആവർത്തിച്ച് പാറാവുകാരനുമായി തർക്കിച്ചു. കാവൽ നിന്ന ഉദ്യോഗസ്ഥനോട് സീനിയർ ഓഫീസറെ വിളിച്ച് അനുമതി തേടാൻ പറഞ്ഞു. സാർ വിളിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പൊലീസുകാരനോട് നിങ്ങൾക്ക് എന്തുകൊണ്ട് വിളിച്ചകൂടെന്നായി. ഓരോന്നിനും ഓരോ ഹൈലാർക്കി ഉണ്ടെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. എസ്പിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. എസ്പിയെ കാണാൻ വന്നതല്ല എസ്പി മുറിച്ച മരത്തിന്റെ കുറ്റി കാണാൻ വന്നതാണെന്ന് അപ്പോഴും അൻവർ പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോയും അൻവർ ചിത്രീകരിച്ചിരുന്നു. ഇത് മാദ്ധ്യമങ്ങളുടെ കൈവശം എത്തിക്കുകയും ചെയ്തു.
അടുത്തിടെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പിവി അൻവർ എസ്പിയെ പരസ്യമായി അവഹേളിച്ചത് വിവാദമായിരുന്നു. അൻവറിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന പാർക്കിലെ ചങ്ങല പൊലീസുകാർ കണ്ടെത്തിക്കൊടുത്തില്ലെന്ന് ആയിരുന്നു പരാതി. ഈ സംഭവത്തിൽ എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേരളം ഞെട്ടിയ ഇലന്തൂർ നരബലിക്കേസ് ഉൾപ്പെടെ തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ശശിധരൻ.















